ആ നിമിഷത്തിൻ്റെ നിർവൃതിയിൽ: ഞാൻ അംഗീകരിക്കപ്പെട്ട നാൾ


വൈകി വന്ന അംഗീകാരം

ഞങ്ങൾ ഒരുമിച്ച് രാത്രി വൈകുന്നത് വരെ നെറ്റ്ഫ്ലിക്സ് കണ്ടതിനാൽ നേരത്തെ എഴുന്നേൽക്കേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ ഞായറാഴ്ച ആയതിനാലും മുൻ ഞായറാഴ്ചകളിലെ പോലെ വീട് വൃത്തിയാക്കുന്ന പണികളിൽ നിന്നു രക്ഷപ്പെടാൻ ഇത്തവണ എന്റെ പക്കൽ  ഒഴികഴിവ് ഒന്നും ഇല്ലാത്തതിനാലും ഞാൻ നേരെ അടുക്കളയിലേക്ക് കയറി.
അതിനുപുറമെ, ഈ അവസരം അടുക്കളയെക്കുറിച്ചുള്ള എന്റെ അറിവ് ഉപയോഗിച്ച് അവളെ അത്ഭുതപ്പെടുത്താനും ഞാൻ ആഗ്രഹിച്ചു.
അതുകൊണ്ടാണ് ഇന്ന് ഞാൻ ഇതിനായി ഇറങ്ങിത്തിരിച്ചത് . ഇന്നത്തെ ഈ ദിവസം.... അത് എന്റേതാണ്.
ഇന്നലെ ഉറങ്ങുന്നതിനുമുമ്പ് ഞാൻ ഈ രംഗം എന്റെ മനസ്സിൽ ആസൂത്രണം ചെയ്തിരുന്നു.
നീട്ടിയ കൈകളിൽ ഒരു കപ്പ് ചായയുമായി ഞാൻ അവളെ പതുക്കെ ഉണർത്തുന്നു. "സർപ്രൈസ് " എന്ന് പറഞ്ഞു കപ്പ് നീട്ടുന്നു. എന്ത് റൊമാന്റിക്കാ ലേ?!! 
ഞാൻ റഫ്രിജറേറ്റർ തുറന്നു പാൽ എടുത്ത് തിളപ്പിക്കാൻ സ്റ്റൗവിൽ വച്ചു. അടുക്കളയുടെ കാര്യത്തിൽ എന്റെ ഭാര്യ എന്റെ മേൽ ചുമത്തിയ "സഹകരണമില്ലാത്ത ഭർത്താവ്" എന്ന കളങ്കം ഈ ദിവസം ഞാൻ തുടച്ചുമാറ്റുമെന്ന് ഉറപ്പിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങിയത്. 
വാസ്തവത്തിൽ ആ വിശേഷണം കൊണ്ട് അവൾ ഉദ്ദേശിച്ചത് എന്താണെന്ന് നിങ്ങൾക്കു മനസ്സിലായോ ? 'പാചക' ത്തിൽ ഞാൻ അവളെ സഹായിക്കാറില്ല എന്നാണ്. എന്നാൽ അവൾ ആരോടും പറയാത്തത് എന്താണെന്നോ , അവളുടെ പാചക സാഹസികതകൾക്ക് , അബദ്ധങ്ങൾക്കു (എപ്പോഴും) ശേഷം ആ പാത്രങ്ങളെല്ലാം ആരാണ് കഴുകുന്നത് എന്നാണ്. അവൾ ഒരിക്കലും എന്നെ അംഗീകരിച്ചിരുന്നില്ല !!
പക്ഷേ കാര്യങ്ങൾ ഞാൻ വിചാരിച്ചത്ര സുഗമമായിരുന്നില്ല. എഴുന്നേൽക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു, മൂന്ന് ദിവസം പ്രായമുള്ള ഒരു പൂച്ചക്കുട്ടിയുടെ കണ്ണുകൾ പോലെ എന്റെ കണ്ണുകൾ അപ്പോഴും ഒട്ടിക്കിടക്കുകയായിരുന്നു. 
ഞാൻ പാത്രത്തിന്റെ മൂടി അല്പം നീക്കി പാൽ തിളയ്ക്കുന്നുണ്ടോ എന്ന് നോക്കി .. ഇതുവരെ ഇല്ല... സമയമായില്ലെന്ന് തോന്നുന്നു. അവളുടെ ചെരിപ്പുകളുടെ പരിചിതമായ ശബ്ദം കേട്ടാണ് പെട്ടെന്ന് എന്റെ ഹാംഗ് ഓവറിൽ നിന്ന് ഉണർന്നത്. അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റാൽ ആദ്യം തന്നെ തന്റെ ചെരുപ്പു തറയിൽ മുട്ടും . എന്തുകൊണ്ടാണ് അവൾ അങ്ങനെ ചെയ്യുന്നത് എന്നു എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവളുടെ കുടുംബത്തിൽ നിന്ന് അവൾക്ക് ലഭിച്ച സ്വഭാവം ആയിരിക്കാം.... ഞാൻ വീണ്ടും പാൽ പരിശോധിച്ചു കാര്യമായ മാറ്റങ്ങളൊന്നും ഇല്ല. അടുത്തതായി തൈറോയ്ഡ് ഗുളികകകളുടെ ഡബ്ബ തുറക്കുന്ന ശബ്ദം. മറ്റൊരു പാരമ്പര്യം.

പിന്നെ വാഷ്‌റൂം വാതിൽ അടയുന്നു ... ഫ്ലഷ് ചെയ്യുന്നു... വാതിൽ തുറക്കുന്നു... കാലടി ശബ്ദം അടുത്തടുത്തു വരുന്നു. മഴയുള്ള ദിവസം ഉള്ളിലേക്കു എടുത്ത് വെക്കാൻ മറന്ന നനഞ്ഞൊലിച്ച തുണി പോലെ ഞാൻ നിൽക്കുന്നത് കണ്ട് കൗതുകത്തോടെ അവൾ എന്റെ അടുത്തേയ്ക്കു വന്നു. 
"വൗ ജോൺ... നീ ശരിക്കും സീരിയസ് ആണോ? എനിക്ക് വേണ്ടി ചായ ഉണ്ടാക്കുന്നു!!! ഓ ബേബി , നീയും നിന്റെ സർപ്രൈസുകളും, ഈ അപൂർവ അനുഭവം പരമാവധി ആസ്വദിക്കാൻ ഞാൻ വീണ്ടും കിടക്കാൻ പോകട്ടെ!!!". ബെഡിൽ കൊണ്ടുത്തരുമല്ലോ അല്ലേ?"
അവൾ ആവേശഭരിതയായി. അവൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ഒരു പെൺ പ്രാവ് അവളുടെ പങ്കാളിയുടെ ചൂട് പറ്റി കുറുകുന്ന പോലെ പതുക്കെ ചെവിയിൽ പറഞ്ഞു.."ഐ ലവ് യൂ ".. ജീവിതത്തിൽ ആദ്യമായി എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നി... അതും അടുക്കളയിൽ... എന്റെ നെഞ്ച് അഭിമാനം കൊണ്ട് വിരിഞ്ഞു.
അവൾ മെല്ലെ പോയി ബർണറിൽ പാൽ നോക്കി... പിന്നെ..
"ഡാ തിരുമണ്ടാ , നീ എന്താണ് ചെയ്തത്???!!! നീ എന്താണ് ചെയ്തത് എന്ന് നിനക്ക് വല്ല ബോധവുമുണ്ടോ??!!..ഓ എന്റെ പ്രിയപ്പെട്ട ക്യൂട്ട് കണ്ടെയ്നർ!!...എന്റെ അമ്മ എനിക്ക് തന്ന സമ്മാനം... നീ നശിപ്പിച്ചു.." 
അവളെയോ എന്റെ അമ്മായിയമ്മയെയോ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ഒരിക്കലും വേദനിപ്പിക്കാൻ ഞാൻ ഉദ്ദ്ദേശിച്ചിട്ടേ ഇല്ലായിരുന്നു. അതിനും മാത്രം എന്താണിവിടെ ഇപ്പൊ നടന്നത്? ചായ ഉണ്ടാക്കാൻ പാൽ തിളപ്പിക്കണം, അത് ഒരു പ്രപഞ്ച സത്യമാണ്, അല്ലേ? അതിന് നിങ്ങൾക്ക് ഒരു പാത്രം വേണം, അതും ശരിയല്ലേ? ഇവിടെ എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ലായിരുന്നു. പാലില്ലാതെ ചായ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഭർത്താവ് ഈ ലോകത്ത് ഉണ്ടോ??? ('കറുത്ത' ചായയെ കുറിച്ച് നിങ്ങൾ പറയുമായിരിക്കും.. പക്ഷെ ഞാൻ ഒരു വംശവെറിയൻ അല്ല) പിന്നെ അല്പം പരിഹാസത്തോടെ, എന്നാൽ ശ്രദ്ധയോടെ ഇത്തിരി ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു ... "എന്തു പറ്റി , നിങ്ങളുടെ കുടുംബത്തിൽ ആരും തിളപ്പിച്ച പാൽ ഉപയോഗിച്ച് ചായ ഉണ്ടാക്കിയിട്ടില്ല? ഹൊരു ചായക്കാരി!"
അവൾ അങ്ങേയറ്റം അവജ്ഞയോടെ പറഞ്ഞു.. "ഉണ്ടാക്കാറുണ്ടല്ലോ , ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പാലിൽ തന്നെയാ ചായ ഉണ്ടാക്കാറ്, പക്ഷേ ദോശ മാവ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന വിദ്യ ഞങ്ങൾ ആരും പtthiച്ചിട്ടില്ല "

"എന്ത്.. നീ എന്താണ് പറഞ്ഞത്? ഓ എന്റെ ദൈവമേ, അത് ദോശ മാവ് ആയിരുന്നോ?!!!! ആഹാ, അപ്പോ അതുകൊണ്ടാണോ ഈ സാധനം ഇത് വരെ തിളയ്ക്കാതിരുന്നത്!!!" പരമ സത്യത്തിന്റെ, തിരിച്ചറിവിന്റെ ആ നിമിഷം... ഉറങ്ങുന്ന മത്സ്യത്തിന്റെ കണ്ണുകൾ പോലെ എന്റെ കണ്ണുകൾ മലർക്കെ തുറന്നു... എന്റെ രക്തം വിയർപ്പായി പൊടിഞ്ഞു .. അപ്പൊ അതാ അടുത്ത വാക്ശരം.
"ഇനി ഒരിക്കലും നീ അടുക്കളയിൽ കയറി പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്... എന്നത്തേയും പോലെ പാത്രങ്ങൾ കഴുകുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
 "വൗ!!! ഒടുവിൽ... അങ്ങനെ ഞാൻ ഏറെ നാളായ് കാത്തിരുന്നിരുന്ന ആ അംഗീകാരം!!!!

# നിങ്ങളുടെ ആരോഗ്യ സംരക്ഷണം ആരുടെ ചുമതലയാണ്? ഭർത്താവിൻ്റെയോ അതോ കുട്ടികളുടെയോ?

മറ്റു മലയാളം ബ്ലോഗുകൾ വായിക്കാൻ ബ്ലോഗിൽ തന്നെ ഇടത് വശത്തു കാണുന്ന labels - ഇൽ drop down menu - വിൽ ഉള്ള മലയാളം ലേബലിൽ പോകുക.






Comments

Popular posts from this blog

See Around to Find Opportunities to Make Money

How Your Thoughts are Manipulated by Social Media Today

The New Rich: The New