മറക്കാനാവാത്ത ഒരു ഉല്ലാസയാത്ര | An Unforgettable Tour (Malayalam Story)
മറക്കാനാവാത്ത ഒരു ഉല്ലാസയാത്ര
എന്തായി ടൂർ പോയിട്ട് ?
ഓ ഒന്നും പറയാതിരിക്കയാ ഭേദം.
എന്ത് പറ്റി എവ്ടെയോക്യാ പോയത്?
ഒന്ന് കറങ്ങി, ഊട്ടി, കൊടൈക്കനാൽ, മൂവാറ്റുപുഴ, പെരുമ്പാവൂർ, ന്യൂയോർക്, പാലാരിവട്ടം....
ഒന്ന് പോടെ, ഒള്ളത് പറ. റിസർവേഷൻ കിട്ടിയില്ലേ? വെയ്റ്റിംഗ് ലിസ്റ്റ് ആര്ന്നല്ലോ.
അതൊക്കെ കിട്ടി തലേന്ന് രാത്രി.
പിന്നെന്താ?
10 മണിക്ക് വരേണ്ട ട്രെയിൻ 12 മണിക്ക് വന്നു.
അത് ഒരു സംഭവമാണോ സുഹൃത്തേ??ഞാൻ പണ്ട് ലീവ് നു വരുമ്പോ ഒരു ട്രെയിൻ കൃത്യ സമയത്തു വന്നത് കണ്ട അത്ഭുതത്തിൽ സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചപ്പോ അങ്ങേരു പറഞ്ഞു അത് തലേന്ന് വരേണ്ട ട്രെയിൻ ആര്ന്നു ന്ന് . നീ കഥ പറ. ഊട്ടിയിലേക്കു അല്ലെ പോയത്?
ഓ തന്നെ. രാത്രി വിട്ട ട്രെയിൻ പിറ്റേന്ന് രാവിലെ കോയമ്പത്തൂർ എത്തി. അവിടന്ന് ഗാന്ധിപുരം ബസ് സ്റ്റാൻഡ് ലേക് ഓട്ടോ. അവിടെ എത്തിയപ്പോ ഊട്ടിൽ പോവുന്ന ബസ്സിൽ സീറ്റില്ല. കൊറേ നേരം വെയിറ്റ് ചെയ്തപ്പോ ഒന്ന് കിട്ടി. സ്റ്റേറ്റ് ബസ് ആണെങ്കിലും വൃത്തിയുണ്ട്. റേറ്റും കുറവാണല്ലോ. മൂന്ന് മൂന്നര മണിക്കൂറോളം യാത്രയുണ്ട്.
ബ്രേക്ഫാസ്റ് സ്റ്റേഷന് ന്ന് കഴിച്ചു ലേ?
ഓ അതാണ് അടുത്ത സംഭവം. അവിടെങ്ങും വെള്ളമില്ല. അതോണ്ട് പല്ലു തേച്ചില്ല. പല്ലു തേക്കാതെ ആഹാരം കഴിക്കാൻ ശ്യാമ സമ്മതിക്കുവോ? എനിക്കാണെങ്കിൽ വിശന്നിട്ട് പാടില്ല.
എന്നിട്ട്?
എന്നിട്ടെന്താ, രാത്രി ഒറക്കോമില്ല.. ആ കൊച്ചുപെണ്ണിനെ നോക്കാതെ അവള് കൂർക്കം വലിച്ചു കെടന്നൊറങ്ങേമ് ചെയ്തു. അതിനെ മൊത്തം ഞാൻ നോക്കി. കരച്ചിലും പിഴിച്ചിലും എടുത്തോണ്ട് നടക്കലും കെടന്നൊറങ്ങുന്നോമ്മാരുടെ നോട്ടോം തെറിവിളികളും ഒന്നും പറയണ്ട. ഒരു മാതിരി നേരം വെളുപ്പിച്ചു ന്നു പറഞ്ഞാ മതിയല്ലോ.
പിന്നെ?
പിന്നെ ബസ്സ് എറങ്ങി അടുത്തൊരു ഹോട്ടലിൽ കേറി ആഹാരം കഴിച്ചു. അത് അതിനേക്കാളും ഭീകരം.
എന്താ?
അവിടെ ഉപ്പുമാവ് മാത്രേ ഒള്ളൂ. എനിക്കാണെങ്കി അത് കണ്ണെടുത്താ കണ്ടൂടാ. പണ്ട് അമ്മ ഒണ്ടാക്കിത്തരുമ്പോ തന്നെ തിന്നാറില്ല പിന്നെയല്ലേ. വിശന്നു പൊരിഞ്ഞോണ്ട് അത് കടക്കാരനേം ശ്യാമയേം പ്രാകിക്കൊണ്ട് കഴിക്കേണ്ടി വന്നു.
അതെന്തിനാടാ നീ അവളെ പ്രാകുന്നത്? അവളാണോ ഉണ്ടാക്കിയത്?
ഡേയ്, ആ സ്റ്റേഷനിൽ നല്ല മസാല ദോശേം വടേം ഒക്കെ ഒണ്ടാര്ന്നു. ഈ ശവം എന്നെ കഴിക്കാൻ വിട്ടോ?
എന്നിട്ട്?നീ റൂമൊന്നും എടുത്തില്ല?
ഓ അതൊക്ക ഉണ്ട്. കമ്പനിടെ ഗസ്റ്ഹൗസ് ഉണ്ട്.
ആഹാ അപ്പൊ ഫ്രീ ഫുഡ് ആൻഡ് അക്കൊമോഡേഷൻ ആയല്ലോ. കൊറച്ചു കാശ് ലാഭായില്ലേ?
കഴിഞ്ഞാ? മണ്ണാങ്കട്ട.. 2000 രൂപ കൊടുക്കണം ഒരു ദിവസത്തേയ്ക്. പിന്നെ ആഹാരത്തിനു വേറെ. ഒണ്ടാക്കി വച്ചിരിക്കുന്നതോ അള്ളിമൂലയ്‌ക്കും അതും ഒരു മേലേടെ മണ്ടയ്‌ക്.
ഓ സോ സാഡ് . ബാക്കി പോരട്ടേ. ആഹാരോക്കെ നല്ലതല്ലേ?
പിന്നേ. ചോറ് അടിപൊളി. പിന്നെ സാമ്പാറ് . അത് മൂവാറ്റുപുഴയിൽ ഒഴിച്ചാ പെരുമ്പാവൂർ എത്തും.
അല്ലാ നീ ഈ പോയത് തമിഴ്‌നാട്ടിലേക് തന്നെയല്ലേ?
എടാ, ആ ഗസ്റ്ഹൗസിന് ചുറ്റും തമിഴ്‌നാട് തന്നെ. പക്ഷെ അതിന്റെ ഉള്ളിൽ ഏതോ ഒരു നാടാ.
എന്നിട്ടോ?
വെള്ളത്തിനു നല്ല തണുപ്പാ കേട്ടോ. എന്നാ ഇവമ്മാര് ഈ തണുപ്പത്ത് കുളിക്കാൻ ഒരു ചൂട് വെള്ളോങ്കിലും ഏർപ്പാട് ആക്കിയോ?
അല്ലെടോ ഗീസർ ഇല്ലാരുന്നോ? അത് ഉണ്ടാവേണ്ടതല്ലേ?
ങാ അത് പോലൊരു സാധനം മോളിൽ ഉണ്ടാരുന്നു. ഞാൻ കൊറേ നേരം സ്വിച്ചിട്ട് കളിച്ചു. വെള്ളം ചൂടാവണില്ല. പിന്നെ ശ്യാമയാ പറഞ്ഞത് ഡോ മനുഷ്യാ അത് തേനീച്ചകൂടാ ന്നു.
അത് ശരി.
ആവണി ആണെങ്കി ഇവിടന്നു അവളുടെ ബാത്ടബ്ബ്ബ് ന്നു പൊറത്ത് ഇറങ്ങാറില്ല. ബാത്ടബ്ബ് ന്നു വച്ചാ നമ്മൾ ഈ തുണി കഴുകാൻ മേടിച്ച വലിയ ബേസിൻ ഇല്ലേ അത് . അതിൽ വെള്ളം നിറച്ചാൽ അതിൽ കേറി ഇരിക്കും. പൊറത്തെറങ്ങത്തെ ഇല്ല. അവൾക് ആണെങ്കി ആ ബാത്‌റൂമിൽ കേറണ്ട. തണുപ്പെന്നു പറഞ്ഞാൽ എമ്മാതിരി തണുപ്പാന്നറിയോ!
ഓക്കേ എന്നിട്ട് ?എവിടെയൊക്കെ പോയി?
എവിടെ പോവാൻ? പോയ ഉടനെ പനി അടിച്ചു കെടപ്പിലായില്ലേ?
ആഹാ അത് ശരി.
കൊറേ കാശും കളഞ്ഞ് ഇത്രേം ദൂരോം പോയിട്ട് എങ്ങോട്ടും പോയില്ലേ?
പോയല്ലോ . ഒരു റോസ് ഗാർഡൻ ഉണ്ടെന്നു കേട്ട് അങ്ങോട്ടേക് പോയി.
ങാ ഞാൻ കേട്ടിട്ടുണ്ട്. ഒന്ന് രണ്ട് ഫോട്ടോയും കണ്ടിട്ടുണ്ട്. ഫേസ്ബുക്കിൽ. നല്ല രസമല്ലേ? നീ ഫോട്ടോയൊന്നും എടുത്തില്ല?
എടുത്തല്ലോ. കാണിച്ചു തരാം, ദാ ഇത് നോക്കിയേ നല്ല ഭംഗില്ലേ?
അതിനു ഇതിൽ പൂക്കളൊന്നും കാണുന്നില്ലല്ലോ?
ങാ ഇതന്യാ ഞാനും മനസ്സിലാക്കിയത് . മരുന്നിനു പോലും ഒരു പൂവില്ല. ഇപ്പൊ എന്തോ കട്ടിങ് സീസണാണെന്നോ ഹാർവെസ്റ്റിങാന്നോ എന്തോ പറഞ്ഞു. മേയ് ലാ ത്രേ സീസൺ.
ആര് പറഞ്ഞു ?
ഒട്ടോക്കാരൻ.
അപ്പൊ അവൻ വരുമ്പോ പറഞ്ഞില്ലേ?
ഇല്ല, നൂറ്റമ്പത് രൂപ കിട്ടിയതിനു ശേഷം പറഞ്ഞു.
നൂറ്റമ്പതോ?!! എത്ര കിലോമീറ്റർ ഉണ്ടാരുന്നു നീ താമസിക്കുന്ന സ്ഥലത്തുന്ന് ?
ഒരു രണ്ടോ മൂന്നോ കിലോമീറ്റർ. അവിടെ ബസ്സിനു മാത്രേ കുറവുള്ളൂ. ഓട്ടോക്കാരുടെ മിനിമം ചാർജ് നൂറ്റമ്പതാ.
ഓഹോ, പിന്നെ?
പിന്നെ വേറൊരു ഓട്ടോ എടുത്ത് ഒരു മലേടെ മുകളിൽ പോയി. നല്ല ഭംഗിയാന്നൊക്ക ആള്ക്കാര് പറേന്നത് കേട്ടിരുന്നു. ഒരു വല്ലാത്ത പേരാ.
ദോഡാബെട്ട ആണോ?
ഹതന്നെ. ദൊഡബെട്ട പീക്. നിനക്കെല്ലാം അറിയാലോ. ഓ ഫേസ്ബുക്ക് ഫേസ്ബുക്ക്.
പോടാ, അവിടെ ആടി..പോളിയല്ലേ?
എന്തോന്ന് അടിപൊളി . ഒരു മല. അതിന്റെ മോളിൽ കേറി താഴോട്ട് നോക്കുന്നു, ആഹാ ന്നു പറയുന്നു. താഴോട്ട് വരുന്നു.
അപ്പൊ റോസ് ഗാർഡൻ, ദോഡാബെട്ട കഴിഞ്ഞു, നെക്സ്റ്റ്?
പിന്നെ ബോട്ടിംഗിന് പോയി. ആ കാലോണ്ട് തുഴയുന്ന സാധനം. അത് ചവിട്ടിട്ട് എങ്ങോട്ടലും നീങ്ങണ്ടേ ഭയങ്കര ടൈറ്റ് . പിന്നെയാ മനസ്സിലായെ ഞാനും അവളും ഓപ്പോസിറ്റായിട്ടാ ചവിട്ടുന്നുണ്ടാരുന്നേ ന്നു. പിന്നെ കരയിലുള്ളവൻ കയറിട്ട് തന്നിട്ടാ കേറി വന്നത്.
ഓ ഭയങ്കരം തന്നെ. വേറെ എവിടേലും കൂടി പോയോ?
ഓ പിന്നൊരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ടാരുന്നു. അവിടെ കേറാൻ കാശ്. കാമറ കൊണ്ടോവാൻ കാശ്. എന്നിട്ട് കണ്ടതോ സാധാരണ ഒരു പാർക്ക്.
നീ ക്യാമെറയൊക്കെ സർവീസ് ചെയ്‌ത് കൊണ്ടോയതല്ലേ. ഫോട്ടോ എടുത്തില്ലേ?
ഓർമ്മിപ്പിക്കല്ലേ എന്റെ പൊന്നേ. ആ കാമറ പൊറത്ത് എടുത്തതും ആവണി കരയാൻ തൊടങ്ങി. അവൾക്കും ഫോട്ടോ എടുക്കണം ന്നും പറഞ്ഞു. നിലത്തു കെടന്നു ഉരുണ്ട് മറിഞ്ഞു ബഹളം തന്നെ . എന്നിട്ട് ആ കാമറ സകല ദൈവങ്ങളേം വിളിച്ചു അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു . അവൾക്കു സമാധാനമായി. പിന്നെ ദൈവം സഹായിച്ച് ആ പാർക്കിന്നു ഇറങ്ങുന്നത് വരെ അതിൽ തൊടാൻ പിന്നെ ഞങ്ങളെ അവൾ സമ്മതിച്ചില്ല.
ഇത് വരെ നന്നായിട്ടുണ്ട്. തീർന്നാ?
യെവ്വട? ഒരു ടീ ഗാർഡനും കൂടി ഉണ്ട്. ഉള്ളിൽ കേറാൻ കാശ്. എന്തുവാ അവിടെയൊക്കെ കാണാൻ?! കൊറേ കുറ്റിച്ചെടികൾ.
അപ്പൊ ഒന്നും ഇഷ്ടപ്പെട്ടില്ല?
എഡോ, ഈ മലേടെ മോളിലും ബോട്ടിലും കുറ്റിച്ചെടിടെ മുന്നിലും ഒക്കെ നിന്ന് ഫോട്ടോ എടുത്തത് സിനിമേലും മറ്റുള്ളവരുടെ ഫോട്ടോയിലും ഒക്കെയെ കാണാൻ രസുള്ളൂ. ഇത്രേം കാശും ചെലവിട്ട് അവിടെയൊക്ക പോയി അനുഭവിക്കുന്നതിനെക്കാളും നല്ലത് വല്ല AI വച്ചു ഫോട്ടോ റെഡി ആക്കുന്നതാ. എന്റെ ഈ ഒരു അനുഭവം വച്ചു കാശ് പോയതല്ലാതെ ഓർക്കാൻ വേറൊന്നുമില്ല സഹോ.
ഒരു പക്ഷെ നിനക്ക് പനി പിടിച്ചോണ്ട് നിന്റെ മൂഡ് പോയതാരിക്കും. ഒന്നും എന്ജോയ് ചെയ്യാനും പറ്റിയില്ല, കാശ് പോവേം ചെയ്തു. നീ ഇങ്ങനെ ആയതോണ്ട് ശ്യാമേടേം മോൾടേം കാര്യം പിന്നെ പറയാൻ ഉണ്ടോ?അവർക്കും രസം ഉണ്ടായിട്ടുണ്ടാവില്ല.
ഇനി ഞാൻ ആ ഭാഗത്തേക്കു ഇല്ല. ചട്ടി കിട്ടിയില്ലെങ്കിലും കൊഴപ്പുല്ല ഊട്ടി ഏതായാലും വേണ്ട.
For more Malayalam articles click മലയാളം .
Visit kvshan.com and choose your topic. The site has a lot of serious content on Mental Health, Manifestation, Healing, Personality Development, Productivity and Youth.
Go to Start Here of kvshan.com
Comments
Post a Comment