പ്രതീക്ഷ : The Story of Hope
ഇന്ന് രണ്ട് കൊച്ചു കഥകൾ ആണ് നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നത്.
പ്രതീക്ഷ
റേഡിയോളജി ഡിപ്പാർട്മെന്റ് ന്റെ ഇടനാഴിയിൽ ഉള്ളിൽ സ്കാനിംഗ് നു , പോയ ഭർത്താവിനെയും കാത്ത്, നിസ്സംഗയായി ഇരിക്കുന്ന ഒരു അമ്പത് വയസ്സുകാരി.
വെളുത്ത മാസ്ക് നു മുകളിൽ കാണുന്ന നരച്ചു തുടങ്ങിയ പീലികൾ കണ്ണുകളിൽ തിങ്ങി നിന്ന കണ്ണുനീർ മറയ്ക്കുന്നു
കുറച്ചു കാലം മുമ്പ് വരെ സന്തോഷത്തോടെ ഡൈ ചെയ്തിരുന്ന മുടികൾ ചായം കണ്ടിട്ട് കുറച്ചേറെ ദിവസങ്ങളായിരിക്കുന്നു
ദൂരെ നിന്നും നടന്നു വരുന്ന പരിചിതമായ നിഴൽ കണ്ടതും ആ സ്ത്രീ ചാടി എഴുന്നേറ്റ് അടുത്തെത്തുന്നത് വരെ അക്ഷമയോടെ നിന്നു . കണ്ണുകളിൽ നിസ്സീമമായ തിളക്കത്തോടെ അവൾ ചോദിച്ചു
"എന്താണ് ഡോക്ടർ പ്രത്യേകിച്ച് വല്ലതും?"
"സ്ലോ പ്രോഗ്രസ്സ് ആണ്"
"വഴിപാട് നേർന്ന ദൈവങ്ങൾ നിസ്സഹായർ ആവുമോ? എന്റെ ദൈവങ്ങളുടെ കണ്ണുകളിൽ ഞാൻ എന്നും കാണാറുള്ള നിസ്സഹായത ഡോക്ടറുടെ കണ്ണുകളിൽ കാണുവാൻ ഞാൻ അശക്തയാണ്. അത് കൊണ്ട് ഡോക്ടർക്ക് സത്യം പറയാം"
"സത്യമാണ്.. പ്രോഗ്രസ്സ് ഉണ്ട് ബട്ട് ഇട്സ് സ്ലോ... ഒരു ഡോക്ടറുടെ ഉറപ്പിന്റെയും മരുന്നുകളുടെ പ്രഭാവത്തിന്റെയും ഇടയിൽ ഒരുപാടൊന്നുമില്ലെങ്കിലും മിറക്കിൾസ്നു സാദ്ധ്യതകൾ ഏറെ ഉണ്ട്. അവ ഒരു പക്ഷെ രോഗിയുടെ മനോഭാവത്തിലൂടെ അല്ലെങ്കിൽ ബന്ധുക്കളുടെ പ്രാർത്ഥനയിലൂടെ പ്രകടമായേക്കാം. ഉറപ്പൊന്നും തരാൻ ഇപ്പൊ കഴിയില്ല ബട്ട് ഡോണ്ട് ലൂസ് ഹോപ്"
അല്ലാ, ഇത്തരം കാര്യങ്ങളിൽ വിദ്യാഭ്യാസം ഏറെയുള്ളവരും വിശ്വസിക്കുന്നുണ്ടോ? അത്ഭുതം!
ഇന്നും ഞങ്ങളൊക്കെ പഠിക്കുന്നത് സമൂർത്തമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ്. എന്നാൽ ആ രൂപങ്ങളെ നിർമ്മിക്കുവാനായ് പിന്നിൽ പ്രവർത്തിച്ച ഒരു ശക്തി ഉണ്ടാവുമല്ലോ.ആ അതുല്യ ശക്തിയെ നമ്മൾ ദൈവം എന്നു വിളിക്കുന്നില്ലേ . അമൂർത്തമായ ഒരു ഊർജം. ഒരു ഊർജ ശ്രോതസ്സ്. അതിലേക്ക് ഒരു കനെക്ഷൻ കിട്ടിയാൽ.... അത് കൊണ്ട് ആത്മാർത്ഥമായി വിശ്വസിക്കൂ, പ്രാർത്ഥിച്ചു കൊണ്ടിരിക്കൂ. ദൈവങ്ങളുടെ കണ്ണിൽ അരുണിമ പറയുന്നത് പോലൊന്നുമില്ല.മനസ്സറിഞ്ഞു പ്രാർത്ഥിച്ചു വീണ്ടും നോക്കൂ. ഒരു പക്ഷെ അനുഗ്രഹത്തിന്റെ വാത്സല്യം കാണുവാൻ കഴിഞ്ഞേക്കും.
ഡോക്ടർ നടന്നു നീങ്ങി.
ഏതോ ചിന്തകളിൽ അവൾ വ്യാപൃതയായി.
ഇടനാഴിയിൽ ഉച്ചത്തിലുയർന്ന ചിരിയുടെ അലകൾ അവളെ ഉണർത്തി.
വീൽച്ചെയർ തള്ളിക്കൊണ്ട് വരുന്ന മേൽ നഴ്സിനോട് എന്തോ പറഞ്ഞു ചിരിക്കുന്ന ഭർത്താവിനെയും അത് കേട്ട് ചിരിക്കുന്ന നഴ്സിനെയും ആണ് പിന്നെ അവൾ കണ്ടത്. അവരുടെ ചിരികൾ ആളൊഴിഞ്ഞ ഇടനാഴിയിൽ അലയടിക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകളുടെ ഒരു കോണിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നുവോ? ഹാൻഡ്ബാഗിൽ കുറച്ചു കാലമായി മാത്രം കൊണ്ട് നടന്നിരുന്ന ചിത്രത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. അതിലുള്ള രൂപം അവളെ നോക്കി വാത്സല്യപൂർവ്വം മന്ദഹസിക്കുണ്ടായിരുന്നു. കണ്ണുകളിൽ തങ്ങി നിന്ന തുള്ളികൾ അണ പൊട്ടി ഒഴുകി.
----------------------------------------------------------------------------------------------------------------------------
മനസ്സിലൊരു വേനൽ
'എന്താ ചൂട്!! ചൂട് കാലം ആയോണ്ടായിരിക്കും. വിയർപ്പ് പൊടിയാൻ തുടങ്ങിയിരിക്കുന്നു. കണ്ണ് തുറന്നു നോക്കിയപ്പോ വെളുത്ത ആകാശം.
നെഞ്ചത്തൊരു വല്ലാത്ത ഭാരം.നീക്കാൻ നോക്കുമ്പോ കൈ അനങ്ങുന്നില്ല. കാലുകൾ കൊണ്ട് തട്ടി നീക്കാൻ നോക്കുമ്പോ അതും അനങ്ങുന്നില്ല. ആകെ ഒരു വിമ്മിഷ്ടം. വായ തുറക്കാൻ കഴിയുന്നില്ല.പക്ഷെ ചുണ്ടുകളിൽ നനവുണ്ട് . ഒച്ചയെടുക്കാം ന്നു വിചാരിച്ചാൽ ശബ്ദം പുറത്തു വരുന്നുമില്ല. ശ്വാസം മുട്ടുന്നു.ഏതോ മായിക ബന്ധനത്തിൽ ഏർപ്പെട്ടത് പോലെ. ഓഹ് സഹിക്കാൻ പറ്റാത്ത ചൂട്. വെന്തു പോകുന്ന പോലെ. ഞാൻ വല്ല നരകത്തിലും ആണോ?ഇനി ഇത് സ്വപ്നം ആണോ?'
"ങാ എല്ലാം കഴിഞ്ഞു. ഇനി മൂന്നാം ദിവസം രാവിലെ വന്നാൽ മതി. അസ്ഥികൾ എടുക്കാൻ"


Comments
Post a Comment